Friday 16 June 2017

അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഹ്രസ്വചലച്ചിത്രമേള: ഫിലിംമേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ മായി മസ്രിയും വിപിന്‍ വിജയും

തിരുവനന്തപുരം: പത്താമത് അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഹ്രസ്വചലച്ചിത്രമേളയില്‍ ഫിലിംമേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍
പലസ്തീനിയന്‍ ചലച്ചിത്രകാരി മായി മസ്രിയുടെയും മലയാളി സംവിധായകന്‍ വിപിന്‍ വിജയിന്‍െറയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.


ജോര്‍ദാനില്‍ ജനിച്ച മായി മസ്രി ലെബനീസ് അഭയാര്‍ഥിക്യാമ്പുകളിലെ
പലസ്തീനികളുടെ ജീവിതമാണ് സിനിമകള്‍ക്ക് പ്രമേയമാക്കിയത്.
കാലിഫോര്‍ണിയ സര്‍വകലാശാലയില്‍നിന്നും ചലച്ചിത്ര നിര്‍മാണത്തില്‍ ബിരുദമെടുത്ത ശേഷം മായി മസ്രി സംവിധായകനായ ഭര്‍ത്താവ് ജീന്‍ ഷാമൗണിനൊപ്പം ഡോക്യുമെന്‍ററി രംഗത്ത് സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 1983ല്‍ ‘അണ്ടര്‍ ദ റബിള്‍’ എന്ന ഡോക്യുമെന്‍ററി ചിത്രീകരിച്ചു കൊണ്ടാണ് തുടക്കം. ഇതിനകം ഒന്‍പത് ചിത്രങ്ങള്‍ സംവിധാനം ചെയ്ത മായി മസ്രിയുടെ ‘3000 നൈറ്റ്സ്’ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ജയിലില്‍ വെച്ച് ഒരു കുഞ്ഞിന് ജന്മം നല്‍കേണ്ടിവന്ന ലായല്‍ എന്ന സ്ത്രീയുടെ ജീവിതമാണ് ചിത്രത്തിന്‍െറ പ്രമേയം. 2015ലെ ടൊറോന്‍േറാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സമകാലിക ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രത്തിനു പുറമെ, 33 ഡേയ്സ്, ബെയ്റൂത്ത് ഡയറീസ്, ചില്‍ഡ്രന്‍ ഓഫ് ശാത്തില, ഫ്രോന്‍റിയേഴ്സ് ഓഫ് ഡ്രീംസ് ആന്‍റ് ഫിയേഴ്സ് എന്നീ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ നിരവധി പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ മലയാളി സംവിധായകന്‍ വിപിന്‍ വിജയിന്‍െറ ഏഴ് ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. 2000ത്തില്‍ പുറത്തിറങ്ങിയ ‘ദ ഈഗോട്ടിക്  വേള്‍ഡ്’ ആണ് കൊല്‍ക്കത്തയിലെ സത്യജിത്റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങിയ വിപിന്‍ വിജയിന്‍െറ ആദ്യചിത്രം. ഹവാമഹല്‍, വീഡിയോഗെയിം, ബ്രോക്കണ്‍ ഗ്ളാസ്, ടോണ്‍ ഫിലിം, വിഷപര്‍വം, പൂമരം, ചിത്രസൂത്രം എന്നീ ചിത്രങ്ങള്‍ക്കു പുറമെ അടൂര്‍ ഗോപാലകൃഷ്ണന്‍െറ സിനിമാജീവിതത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന ‘ഭൂമിയില്‍ ചുവടുറച്ച്’ എന്ന 175 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്‍ററിയും പ്രദര്‍ശിപ്പിക്കും.

No comments:

Post a Comment

അടിച്ചമര്‍ത്തലുകള്‍ സ്ത്രീകളെ ശക്തരാക്കി: മായ് മസ്രി

യുദ്ധവും ഇസ്രായേലിയന്‍ അടിച്ചമര്‍ത്തലുകളും സ്ത്രീകളെ കൂടുതല്‍ ശക്തരാക്കിയെന്ന്  പലസ്തീന്‍ സംവിധായിക മായ് മസ്രി. തങ്ങള്‍ നേരിട്ട  പീഡനങ്ങളും...